Wednesday, 24 October 2012

ത്യാഗത്തിന്‍റെ ഓര്‍മ പെരുന്നാള്‍


പ്രഫ. എ പി സുബൈര്‍(വര്‍ത്തമാനം പത്രത്തില്‍ വന്നത് )
സവിശേഷതയാര്‍ന്ന ഒരു അനുഷ്ഠാനമാണ് ഹജ്ജ്.  പലരും വിശ്വസിക്കുകയും കരുതുകയും ചെയ്യുന്നതുപോലെ പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മസ്ഥലമായ മക്കയും, പിന്നീടധിവാസ സ്ഥലവും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവുമായ മദീനയും സന്ദര്‍ശിക്കുക എന്ന ഉദ്ദേശ്യമല്ല ഹജ്ജിനുള്ളത്. അങ്ങനെയൊരു ദൗത്യം വെച്ചുള്ള ഹജ്ജിന് പ്രാമാണികത്വവുമില്ല.


നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ദൈവത്തിന്റെ ഏകത്വത്തെ പ്രഘോഷിക്കാനും സ്ഥാപിക്കാനും പാടുപെട്ട ഒരു പ്രവാചകന്റെ ജീവിതത്തിലെ അതിമഹത്തായ ത്യാഗത്തെ അനുസ്മരിക്കുകയും അത് ഓരോ ഹാജിയും പുനരാവിഷ്‌കരിക്കുകയും ചെയ്യുക എന്നതുകൊണ്ട് ഏകദൈവവിശ്വാസത്തിലേക്ക് അടിയുറച്ചു നില്‍ക്കാനും അതിനായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം സംഭരിക്കാനുമാണ് ഹജ്ജ് പ്രയോജനപ്പെടുന്നത്. ദൈവത്തിന്റെ ഏകത്വം പ്രഖ്യാപിച്ച് സ്ഥാപിച്ചെടുക്കുന്നതില്‍ ഇബ്‌റാഹീമിന്റെ ജീവിതത്തില്‍ രണ്ടു ഘട്ടങ്ങളുണ്ട്. ഒരു വിഗ്രഹ നിര്‍മാതാവിന്റെ മകനായി പിറന്ന ഇബ്‌റാഹീം വിഗ്രഹധ്വംസനം നടത്തി, അതിന്‍ ഫലമായി അക്ഷരാര്‍ഥത്തില്‍ തന്നെ അഗ്നിപരീക്ഷയില്‍ വിജയശ്രീലാളിതനായതായിരുന്നു ആദ്യഘട്ടം.
പ്രവാചക പ്രബോധനങ്ങള്‍ക്കതീതമായി ജനങ്ങള്‍ ബഹുദൈവ വിശ്വാസത്തിലേക്ക് ഗമിക്കുക സാധാരണമായിരുന്നു. ഇബ്‌റാഹീമിന്റെ ജനത എത്രകാലം ഏകദൈവവിശ്വാസത്തില്‍ ഉറച്ചുനിന്നു എന്നത് വ്യക്തമല്ല. പക്ഷേ, അദ്ദേഹത്തിന് മറ്റൊരു പ്രധാന നിയോഗമുണ്ടായിരുന്നു. അന്ത്യകാലം വരെ ഏകദൈവത്തിന്റെ സ്ഥാപനം നടത്തുക. ഇബ്‌റാഹീം നബിക്ക് വാര്‍ധക്യത്തിലാണ് ഇസ്മാഈല്‍ എന്ന ആണ്‍കുഞ്ഞ് പിറന്നത്.  ലോകാവസാനം വരെ ഏകദൈവത്വം നിലനിര്‍ത്താനുള്ള നിയോഗം ഇബ്‌റാഹിമിനോടൊപ്പം മകനുമുണ്ടായിരുന്നു. ഹിജാസ് താഴ്‌വരയിലെ മക്കയില്‍ ആ സന്താനത്തെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവുണ്ടായി. അതൊരു അധിവാസ കേന്ദ്രമായി മാറ്റേണ്ടതുണ്ടായിരുന്നു. ഏകദൈവത്വം പ്രഘോഷിക്കുന്ന കേന്ദ്രം പണിയേണ്ടതുണ്ടായിരുന്നു. ഇബ്‌റാഹീമും ഇസ്മാഈലും അവയൊക്കെ ദൈവാജ്ഞക്കനുസൃതമായി ചെയ്തുതീര്‍ത്തു. പിന്നീടാണ് ദൈവം വളരെ അസാധാരണമായ പരീക്ഷണത്തിന് ഇബ്‌റാഹീമിനെ വിധേയമാക്കുന്നത്. തന്റെ മക്കാ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന് വിസ്മയകരമായൊരു സ്വപ്‌ന ദര്‍ശനമുണ്ടാകുന്നു. തന്റെ പ്രിയപുത്രനായ ഇസ്മാഈലിനെ ബലിയറുക്കാനുള്ള ദൈവികാജ്ഞയായിരുന്നു അത്. മനുഷ്യബലി മറ്റു ചില സമൂഹങ്ങളിലുണ്ടായിരുന്നെങ്കിലും അത് ഏകദൈവ തത്വം പ്രചരിപ്പിക്കുന്ന ഒരു പ്രവാചകന്‍ നിര്‍വഹിക്കണമെന്നതു കൊണ്ടായിരുന്നു സ്വപ്‌ന ദര്‍ശനം വിസ്മയമായി അനുഭവപ്പെട്ടത്.
അതിന്റെ വിശ്വാസ്യതയെയും സംശയിക്കാനിടയാക്കി. ഇബ്‌റാഹീം തീരുമാനമെടുക്കാനാവാതെ സഫ-മര്‍വക്കിടയില്‍ നടന്നു. ഹജ്ജിലെയും ഉംറയിലെയും സഹ്‌യ് ഇതിനെ അനുസ്മരിപ്പിക്കുന്നു. ഹജ്ജിലെ എല്ലാ കര്‍മങ്ങളും ഇബ്‌റാഹീമിന്റെ ത്യാഗസന്നദ്ധതയുടെ പുനരാവിഷ്‌കാരമാണ്. ഇസ്മാഈലിന്റെ മാതാവ് ഹാജറ-സഫ മര്‍വക്കിടയില്‍ ഒരിറ്റു ജലത്തിനുവേണ്ടി ഓടി നടന്നതും  സംസം ഉറവുണ്ടായതുമൊക്കെ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.
പക്ഷേ, ഹജ്ജനുഷ്ഠാനത്തില്‍ ഇബ്‌റാഹീമിന്റെ മാനസിക സംഘര്‍ഷത്തിലെ നടത്തമാണ് അനുസ്മരിക്കേണ്ടത്. സ്വപ്‌നം യഥാര്‍ഥ ദൈവവെളിപാട് തന്നെയാണോ എന്നുള്ള സന്ദേഹമായിരുന്നു സംഘര്‍ഷത്തിനു കാരണം. ഇരുമലകള്‍ക്കിടയിലെ നടത്തം കഴിയുമ്പോഴേക്കും ഇബ്‌റാഹീമിന് ദാര്‍ഢ്യമുണ്ടാകുന്നു. മകന്‍ ഇസ്മാഈലിനെ വിവരമറിയിക്കുന്നു. മകന്‍ പൂര്‍ണസമ്മതം നല്‍കുന്നു. എന്നാല്‍ ബലി മാതാവറിയാതെ വേണമെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടവര്‍ ദൂരെ മിനയിലേക്ക് പോകുന്നു. വഴിയില്‍ ശൈത്വാന്‍ പല സംശയങ്ങളുമുണ്ടാക്കുന്നു. വീണ്ടും അകലെ അറഫയിലേക്കു പോകുന്നു. അവിടെനിന്ന് സന്ധ്യാനേരം തിരിച്ച് വീണ്ടും മിനയിലെത്തുന്നു. എല്ലാ സംഘര്‍ഷങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അന്ത്യംകുറിച്ച് ഇസ്മാഈലിനെ ബലിപീഠത്തില്‍ കിടത്തി ഇബ്‌റാഹീം ഖഡ്ഗമുയര്‍ത്തി. അന്തരീക്ഷത്തില്‍ മുഴങ്ങിയ അശരീരി മനുഷ്യബലിയെ തടുക്കുന്നതായിരുന്നു. പകരം ഒരു മുട്ടനാടിനെ ബലികഴിക്കാന്‍ ആജ്ഞയുണ്ടാകുന്നു. ഇബ്‌റാഹീം അത് നിര്‍വഹിച്ച് മക്കയിലേക്ക് മടങ്ങുന്നു. പ്രലോഭിപ്പിച്ച ശൈത്വാനു നേരെ കല്ലുകളെറിയുന്നു.
ഈ സംഭവാനന്തരം ഇബ്‌റാഹീമിനു ദൈവത്തില്‍ നിന്ന് ആജ്ഞയുണ്ടാവുന്നു; ഈ ത്യാഗസന്നദ്ധത അനുസ്മരിച്ചുള്ള അനുഷ്ഠാനം നിര്‍വഹിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍. അങ്ങനെയാണ് ജനങ്ങള്‍ വിവിധ തരത്തില്‍ മക്കയിലെത്തി ഇബ്‌റാഹീം അനുഭവിച്ച, ആവിഷ്‌കരിച്ച അനുഷ്ഠാനം നിര്‍വഹിക്കുന്നത്. അതിനു സാധ്യമാകുന്ന എല്ലാ ഏകദൈവ വിശ്വാസികള്‍ക്കും ഇതൊരു ഐഛിക അനുഷ്ഠാനമാണ്. കാലാന്തരേണ ഏകദൈവ വിശ്വാസ കേന്ദ്രമായ കഅ്ബ തന്നെ ബഹുദൈവാരാധനയുടെ കേന്ദ്രമായി തീര്‍ന്നു. അന്ത്യപ്രവാചകനിലൂടെ കഅ്ബ ബഹുദൈവ വിശ്വാസത്തില്‍ നിന്ന് ശുദ്ധീകരിക്കപ്പെട്ടു. ഹജ്ജ് പുനസ്ഥാപിക്കപ്പെട്ടു.
ഇബ്‌റാഹീമിന്റേത് ഉത്തമ മാതൃകയാണെന്ന ഖുര്‍ആന്റെ ബോധനം, അതിന്റെ ശരിയായ രൂപത്തില്‍ വീണ്ടും നിലവില്‍ വരുത്താന്‍ പ്രവാചകന്‍ തന്റെ ജീവിതത്തിന്റെ അവസാനവര്‍ഷത്തില്‍ ഹജ്ജനുഷ്ഠാനത്തിന്റെ യഥാര്‍ഥ മാതൃക പുനസ്ഥാപിക്കുകയുണ്ടായി.
(എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍ -നവാസ് ബിന്‍ ആദം )

No comments:

Post a Comment