Friday, 21 December 2012

ഇറ്റലിക്കാര്‍ക്കും നാവികര്‍ക്കും ഒരു ചക്കര മുത്തം

ങ്ങിനെ അവര്‍ നാളെ ഇന്ത്യയില്‍ നിന്ന് വണ്ടി വിടും .രണ്ടു ഇരുകാലിയായ
മലയാളി പശങ്ങളെ ഡിഷും ഡിഷും എന്ന് പറഞ്ഞ് കാലാപുരിക്ക് അയച്ച രണ്ടു ഇറ്റലിക്കാരായ കപ്പല്‍ നാവികര്‍. സാല്‍വതോറ ജിറോനും ലസ്തോര മാസി മിലോനയും ഇവരാണ് ആ പുന്നാര മക്കള്‍ .
  
.ഇവര്‍ വെടിവെച്ച്കൊന്നത് കറുത്ത തൊലിയുള്ളവനും മീന്‍ നാറുന്ന രൂപം ഉള്ളവന്നും വിശിഷ്യാ സായിപിനെ കണ്ടാല്‍ കവാത്ത് മറക്കുന്നവാനുമായ, ഉപരി കേരളം എന്ന് കേട്ടാല്‍ രക്തം തിളച്ചുമറിയുന്നവാനുമായ  മലയാളി പശങ്കളേയാണ്.
അതുകൊണ്ട് തന്നെ വെടിയേറ്റ് ഇഹലോകവാസം വെടിഞ്ഞ പശങ്കളുടെ അരികില്‍ ഇരുന്നു രണ്ടു നെഞ്ചത്തടി ,കുറെ എണ്ണി പറച്ചില്‍,അണ്ണാക്ക് പൊളിയുന്ന കൂട്ട നെലോളിയും ,
ചത്തത് വെടികൊണ്ട് ആയതിനാല്‍ കുറച്ചു റീത്തും .
കലാസ് (കഴിഞ്ഞു ).
ഇതൊക്കെ ഏതു ഇറ്റലിക്കാര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ .എന്നിട്ടും കൃസ്തുമസ് ആഘഷിക്കാന്‍ നാട്ടില്‍ പോണം എന്ന അവരുടെ ന്യായമായ ആവശ്യം കേട്ടപോള്‍ ഇമ്മടെ സര്‍ക്കാര് ചുമ്മാ കേറി ഇടപെട്ടത് എന്തിനാണ് എന്നാണു ഇപോ എന്‍റെ സംശയം.
ഒന്നുമില്ലെകിലും കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്ന മേടത്തിന്‍റെ(മദാമ്മയെന്നു മുരളിചേട്ടന്‍ പറയും -പക്ഷെ ഞാന്‍ അങ്ങിനെ പറയത്തില്ല )നാട്ടുകാര്‍ ആണെന്ന ഒരു വീണ്ടു വിചാരമെങ്കിലും ഉണ്ടാകേണ്ടതായിരുന്നു.പക്ഷെ എപ്പോഴും അമിളികള്‍ മാത്രം പറ്റുന്ന കേരളത്തിലെ സര്‍ക്കാരിന് ഇവര്‍ പോയാല്‍ തിരിച്ചു വരില്ല എന്ന് തോന്നിയത് തികച്ചും സ്വാഭാവികം .
അതുകൊണ്ടാണല്ലോ മുന്‍പ് ചാര കേസിലെ പ്രതികള്‍ ആയ ഫ്രഞ്ചു സായിപ്പ്മാര്‍ പറ്റിച്ചു മുങ്ങിയ കഥ കോടതിയില്‍ പറഞ്ഞത്.ഇക്കഥ കേട്ട് ഇറ്റലി സായിപ്പന്മാര്‍ സാസം മുട്ടുന്നതു വരെ ചിരിച്ച കാര്യം പത്ര -ടിവി പുലികളൊന്നും പുറത്തു വിട്ടില്ല .ഒരു ചിരിയില്‍ എന്ത്സെന്‍സേഷണല്‍ എന്ന് അവരും കരുതികാണും.അതുകൊണ്ട് നമ്മളാരും ആ ചിരി കേട്ടതുമില്ല.
ഇറ്റലിയുടെ കണ്ണുരുട്ടലും ,കേരളത്തിന്‍റെ കരച്ചിലും കണ്ടു സഹികെട്ട 'നീതിപീഠം'ഒടുവില്‍ നീട്ടി ഒരു ചോദ്യം ..അങ്ങ് കേന്ദ്രത്തോട്
"ആ തിരുവ ഒന്ന് തുറന്നു എന്തെങ്കിലും ഒന്ന് മൊഴിഞ്ഞാലും "
എന്തിനും ഏതിനും 'സ്ലോമോഷനില്‍ 'തീരുമാനം എടുക്കുന്ന കേന്ദ്രം പക്ഷെ ഇക്കാര്യത്തില്‍ ആളുകളെ കൊണ്ട് പറയിപിച്ചില്ല .കല്യാണ നിശ്ചയ ദിവസം കാര്‍ന്നോന്മാര് കല്ല്യാണം ഏതു ദിവസമാ വെക്കേണ്ടത് കുഞ്ഞാപ്പോ എന്ന് ചോതിക്കുബോള്‍ പെണ്ണിന്‍റെ തന്ത ബഹുമാന പുരസരം സദസിനോട് പറയും
"അത് നിങ്ങളല്ലാരുപാടെ അങ്ങട് തീരുമാനിചോളീം "എന്ന്.
അമ്മാതിരി ബഹുമാനമല്ലേ കേന്ദ്രം ഇക്കാര്യത്തില്‍ കോടതിയോട് കാണിച്ചത് !
'നീതിപീഠം'നിയമം പാസാക്കി.
"മടങ്ങി പോ മക്കളെ .ചെന്ന് ബിടരോടും ,മക്കളോടും ,കുടുംബതോടും ,ചങ്ങായിമാരോടും ,ഒപ്പം കൃസ്തുമസ് കേക്ക് മുറിച്ചും വോഡ്ക്ക കുടിച്ചും ആഘോഷിക്കു .എന്നിട്ട (പറ്റിയാല്‍ )തിരിച്ചു വ.
'നീതിപീഠം'ത്തിന്‍റെ വിധികേട്ടപോള്‍ ചക്കപുഴുക്ക് കണ്ട ഗ്രഹണിപിള്ളേരെ പോലെ സകല പത്ര -ചാനല്‍ പുലികളും മാളം വിട്ടു പുറത്തിറങ്ങി .ആകെ ബഹളം .ലൈവ് ചര്‍ച്ച ,സ്പെഷ്യല്‍ റിപ്പോര്‍ട്ട്‌ ,ബ്രെകിംഗ് ന്യൂസ്‌ ,മീന്‍കാരി ജാനകി ചേച്ചിയോട് വരെ അഭിപ്രായം ചോതിക്കല്‍ ,ചിലര്‍ക്ക് രണ്ടര വര്‍ഷമായി ചെയ്ത കുറ്റം എന്താണെന്ന് അറിയാതെ ജയിലില്‍ കിടക്കുന്ന അബ്ദുല്‍ നാസ്സര്‍ മഅദനീ യോട് അടങ്ങാത്ത പിരിശം (സ്നേഹം ).
ഇതൊക്കെ കാണുമ്പോള്‍ ആരാ കൂട്ടരേ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ എഴുതാതിരിക്കുക ?
അതുകൊണ്ട് എനിക്ക് പറയാനുള്ളത്, കോടതി വിധിയില്‍ സന്തോഷം പ്രകടിപിച്ചു കൊണ്ട് നാവികരായ ഈ പുന്നാര മക്കളെ ഒരു 'പ്ലൈന്‍ കിസ്സ്‌ 'എങ്കിലും കൊടുത്ത് ഇറ്റലിയിലേക്ക് യാത്ര അയക്കുകയും, തിരിച്ചു വരാതിരിക്കാന്‍ ഞങ്ങള്‍ മലയാളി പശങ്കെ മെഴുകുതിരി കത്തിച്ചു മുട്ടിപ്പായി പ്രാര്‍ഥിക്കാമെന്നു എസ് എം എസ് അയച്ചു അവരെ അറിയിക്കുകയും ,വരുന്ന കൃസ്തുമസിന് ഗമണ്ടന്‍ ഒരു കേക്ക് പണം പിരിച്ചാനെങ്കിലും ഉണ്ടാക്കി "ഹാപ്പി കൃസ്തുമസ് ടൂ ഇറ്റാലിയന്‍ ചേട്ടന്മാരെ "എന്ന് പാടി ആനന്ദ നൃത്തം ആടുകയും വേണം എന്നാണു .
അവര് പോയാലെന്താ നല്ല എണ്ണം പറഞ്ഞ ആറുകോടി ഗാന്ധി റെഡിമണിയായി എണ്ണി തന്നിട്ടല്ലേ പോയത്,ആ മുംബൈ ആക്രമണത്തിലെ കസബിനെ തൂക്കി കൊല്ലുന്നതുവരെ തീറ്റി പോറ്റാന്‍ ഇതിലും ഇരട്ടിയല്ലേ പൊതുഖജാനാവില്‍ നിന്ന് തൂഫാന്‍ പോലെ പോയത് എന്നിട്ടോ ? അല്ലെങ്കില്‍ തന്നെ പവര്‍ കട്ടും ,വരള്‍ച്ചയും ,വിലകയറ്റവും കൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്ന മലയാളി പശങ്കളുടെ കയ്യില്‍ ഈ പഹയമാരെ തീറ്റി പോറ്റാന്‍ ഇവിടുന്ന ഇതിനും മാത്രം ക്യാഷ് ?
ആയതിനാല്‍ ആ പഹയന്മാര് കെട്ടുകെട്ടി പോയത് നന്നായി എന്ന് കരുതിയും ,ഖജനാവില്‍ മിച്ചം ഉള്ളതും കൂടി പോയില്ലല്ലോ എന്ന് കരുതി ആശ്വസിച്ചും വരുന്ന കൃസ്തുമസിന് ബീവറേജിനു മുന്നില്‍ ക്ഷമയോടെ ക്യു നിന്ന് കിട്ടുന്ന 'ആനമയക്കി 'കുടിച്ചു അങ്ങട് ആഘോഷിക്കു കൂട്ടരേ...ആഘോഷിക്കു
ഹാപ്പി കൃസ്തുമസ്..ഹാപ്പി ന്യൂയെര്‍ ..  
 
   

Thursday, 13 December 2012

നാടും നാട്ടാരും മാറി ..പക്ഷെ (ഗള്‍ഫ്‌ ചരിതം -അവസാന ഭാഗം)


നീണ്ട ഒരവധിക്ക്ശേഷംവീണ്ടും, കനല്‍കാറ്റ് വീശുന്ന,അസ്ഥി തുളക്കുന്നതണുപ്പുള്ള മരുഭൂമിയിലേക്ക് അന്നം തേടി വീടിന്‍റെ പടികളിറങ്ങുമ്പോള്‍ മനസ്സ് വര്‍ഷങ്ങള്‍ പുറകിലോട്ടു പോയത്  പെടുന്നനെയാണ്.
രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇതുപോലൊരു പകലില്‍ ആയിരുന്നു അന്നും വീടിന്‍റെ പടികള്‍ ഇറങ്ങിയത്‌ .വീട് നിറയെ യാത്രയയക്കാന്‍ വന്ന ബന്ധുമിത്രാദികള്‍,സഹോദരിമാര്‍ ,അവരുടെ കുഞ്ഞു കുഞ്ഞു മക്കള്‍ ,എന്‍റെ മാതാവ്,പാടത്ത് പന്ത് കളിക്കാനും അമ്പലകുളത്തില്‍ ഒരറ്റം മുതല്‍ ഒരറ്റം വരെ മുങ്ങാംകുഴിയിട്ടു മത്സരിച്ചു നീന്തികളിക്കാനും ,സിനിമ ടാക്കീസില്‍ പടം റിലീസായ അന്ന് തന്നെ പോയി തിക്കിത്തിരക്കി ടിക്കെറ്റ്ടുത്ത് ഒരുമിച്ചു പടം കണ്ടിരുന്ന എന്‍റെ പ്രിയപ്പെട്ട ചങ്ങാതിമാരും ..
എല്ലാവരുടെയും മുഖത്തു ഒരു വിഷാദ ഭാവം .പക്ഷെഎനിക്കന്നു സന്തോഷത്തിന്‍റെ ദിവസമായിരുന്നു .എത്ര എത്ര കിനാവുകളിലാണ് ഞാന സ്വര്‍ഗ്ഗരാജ്യം കണ്ടിരിക്കുന്നത് .പണം കായ്ക്കുന്ന മരങ്ങള്‍,വഴിയരുകില്‍ ആര്‍ക്കുംഎടുക്കാവുന്ന വിധത്തില്‍ചിതറി കിടക്കുന്ന സ്വര്‍ണ്ണനാണയങ്ങള്‍,കണ്ണില്‍ പെട്ടാല്‍ പിടിച്ചോണ്ട് പോയി വാരികോരി പണം വെറുതെ തരുന്ന തങ്കപെട്ട മനസുള്ള അറബികളും ,അറബി രാജാക്കന്മാരും ,സാധനങ്ങള്‍ വാങ്ങിയാല്‍ നോട്ടു കെട്ടു വലിച്ചെറിഞ്ഞു കൊടുക്കുന്ന അറബി കുട്ടികള്‍ ..ഹോ ..ഞാന്‍ അങ്ങോട്ട്‌ പോകുന്നതിനാണോ ഇവരൊക്കെ ഇങ്ങനെ സങ്കടപെട്ടു നില്‍ക്കുന്നത് !!??
എനിക്ക് ഉള്ളില്‍ ചിരിപൊട്ടിയെങ്കിലും ചിരിച്ചില്ല.
എനിക്ക് ഏറെ ഇഷ്ട്ടപെട്ട ചിക്കന്‍ ബിരിയാണി പോലും  ആകാംക്ഷ കാരണം ചങ്കില്‍ നിന്ന് ഒരു വറ്റ്പോലും  തഴോട്ടു ഇറങ്ങിയില്ല .ഒട്ടകത്തിനെ നിര്‍ത്തി പൊരിക്കുന്ന നാട്ടിലേക്ക് പോകുമ്പോഴാ ഇവരുടെ ഒരു ചിക്കന്‍ ബിരിയാണി .....
....
നിമിഷാര്‍ദ്ധം കൊണ്ടാണ് എല്ലാം മനസിലൂടെ ഓടിമറഞ്ഞു പോയത്. ഇന്ന്പിന്നിട്ട ഇരുപത്തിയോന്‍പതു വര്‍ഷങ്ങള്‍ ആര്‍ക്കും വായിച്ചെടുക്കാന്‍ പാകത്തില്‍ എന്‍റെ നെറ്റിയില്‍ (സോറി ഞങ്ങള്‍ഗള്‍ഫ്‌ക്കാരുടെ)ഒട്ടിച്ചു വെച്ചിട്ടുണ്ട് അതങ്ങ് തെറ്റ്കൂടാതെ പാതി വഴിയില്‍ നിര്‍ത്താതെ വായിച്ചാല്‍ മതി ട്ടാ ബാക്കി ഒക്കെ പിടികിട്ടും .
വണ്ടിയില്‍ കയറുബോള്‍ തലയില്‍ ഇരുന്നിരുന്ന കണ്ണട കണ്ണിലേക്കു എടുത്തു വെച്ച് ഞാനൊന്ന് തിരിഞ്ഞു നോക്കി.ഒഴിഞ്ഞ ഉമ്മറകൊലായിയില്‍ രണ്ടുമൂന്നു പേര്‍ മാത്രം! ഇരുപത്തിയോന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെ യാത്രയയക്കാന്‍ വന്ന ആരല്ലാമുണ്ട് ഇക്കൂട്ടത്തില്‍!?സത്യം ..ആരുമില്ല!?തനിച്ചാവാതിരിക്കാന്‍ ദൈവം കൂട്ടിയിണക്കിയ നല്ലപാതിയും നാല് മക്കളുമാല്ലാതെ ...
സീറ്റില്‍ ചാരിയിരുന്നു ,കണ്ണുനീരിനു തടയിട്ട കണ്ണട തുടച്ചു വൃത്തിയാക്കി വീണ്ടും തലയില്‍ എടുത്തു വെച്ച് ഒന്ന് ദീര്‍ഘനിശ്വാസം വിട്ടപോള്‍ തെല്ലൊരു ആശ്വാസം തോന്നി .വണ്ടി നെടുമ്പാശ്ശേരി ലക്ഷ്യമാക്കി ഓടുകയാണ്.ചില്ലുകള്‍ കയറ്റി വെച്ച കാറിനുള്ളിലിരുന്നു കൊണ്ട് പുറത്തെ കാഴ്ചകള്‍ കാണാന്‍ എന്ത് ഭംഗിയാണ്.
എന്‍റെ ആസ്വാദനത്തിനു തടസമിട്ടു കൊണ്ട് വണ്ടി ഓടിക്കുന്ന സ്വന്തക്കാരന്‍ പയ്യന്‍ ഒരു ചോദ്യമിട്ടു 
"
നാട്ടില്‍ വന്നു സെറ്റല്‍ ചയ്യാനായില്ലേ "?
ഹേ..നീ എന്താ ചോദിച്ചേ -ഞാന്‍ ചോതിച്ചു 
"
നാട്ടില്‍ വന്നു സെറ്റല്‍ ചയ്യാനായില്ലേന്ന്"?അവന്‍ ഒന്ന് നീട്ടി ആവര്‍ത്തിച്ചു .
ഞാനതിനു മറുപടി പറയാതെ സീറ്റിലേക്ക് വീണ്ടും ചാരിയുരുന്നു.
അവന്‍ വീണ്ടും തുടര്‍ന്നു 
"
നിങ്ങള്‍ക്കൊന്നും ഇതുവരെ നേരം വെളുത്തില്ലേ ?.ഗള്‍ഫില്‍ നിന്ന് യൂസഫലിക്ക വരെ നാട് പിടിച്ചു തുടങ്ങി.രാവിലെ നിന്ന് രണ്ടു മണി വരെ പറമ്പില്‍ പണിയെടുക്കുന്ന മ്മടെ രാമേട്ടന് കിട്ടും തെല്ലും വക്കും പൊട്ടാത്ത ഒരു അഞ്ഞൂറിന്‍റെ ഒരു ഗാന്ധി !പലചരക്ക് കട നടത്തുന്ന ജമാല്‍ക്ക നല്ല കിണ്ണംകാച്ചി 
ടൊയോട ഫോര്‍ച്ചുനര്‍ ആയിട്ടാ പോകുന്നത് നിങ്ങളോ ? ഇക്ക ഗള്‍ഫില്‍ പോണ കാലത്ത് മൂന്നു ഭരണി വെച്ച് മിടായിം ,ചിപ്സും വിറ്റിരുന്ന  അസീസ്ക്കാക്ക് ഇപ്പോള്‍ നാല് ബേക്കറി കട സ്വന്തമായുണ്ട് അറിയോ ഇക്കാക്ക് ?വാടാനപ്പള്ളി സെന്‍റെറില്‍ ഫോറിന്‍ സാധനം വാങ്ങി വിറ്റിരുന്ന മജീദിന് ഇപോ സെന്‍റെറില്‍ തന്നെ അഞ്ചു പണിക്കാരുള്ള ഇലക്ട്രോണിക് ഷോപ്പ് ഇക്ക കണ്ടില്ലേ ?
രണ്ടു മാസം ഗള്‍ഫില്‍ നിന്ന് മടങ്ങി വന്ന സുല്‍ഫിക്ക ഒരു ചെറിയ മൊബൈല്‍ കട തുടങ്ങി ഇപോ തൊട്ടുള്ള റൂമും കൂടി വാങ്ങി കട വിപുലപെടുത്തി .കുറച്ചീസം മുന്‍പ് പത്തു സെന്‍റ സ്ഥലം വാങ്ങി അവിടെ വീട് പണി തുടങ്ങാന്‍ പോകുന്നു .കൊല്ലം കുറെ ആയല്ലോ ഇക്ക ഗള്‍ഫില്‍ പോകാന്‍ തുടങ്ങീട്ടു ഒരു തുണ്ട് ഭൂമി ,സ്വന്തമായി ഒരു വീട് ,ഇതുവരെ വാങ്ങിയോ ?"
"
ആ ..മതി മതി നീ നേരെ നോക്കി വണ്ടിയോടിക്കു "അവന്‍റെ ചോദ്യം മര്‍മ്മത്ത് കൊണ്ട് തുടങ്ങിയപോള്‍ ഞാന്‍ വിഷയം മാറ്റാന്‍ ഇടപെട്ടു .അവന്‍ പിന്നെ ഒന്നും പറഞ്ഞില്ലായെങ്കിലും അവന്‍റെ ഓരോ ചോദ്യങ്ങളും എന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ കുത്തി മുറിവേല്പിച്ചു കൊണ്ടിരുന്നു ..
വണ്ടി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഡിപാര്‍ചെര്‍ ഗേറ്റിനു  മുന്നിലായി നിന്നു.അവന്‍ യാത്ര പറഞ്ഞു പോയപോള്‍ പിടിവള്ളി നഷ്ട്ടപെട്ടവനെ പോലെ ഞാനൊന്ന് തളര്‍ന്നു.വേച് വേച് നടന്നു കൌണ്ടറില്‍ പാസ്പ്പോര്‍ട്ടും ടിക്കറ്റും കൊടുത്ത് ബോര്‍ഡിംഗ് പാസ് വാങ്ങി എമിഗ്രേഷന്‍ കഴിഞ്ഞു എയര്‍ഇന്ത്യ എക്സ്പ്രസ്സില്‍ കയറുമ്പോഴും എന്‍റെ ചെവിയില്‍ അവന്‍റെ ചോദ്യങ്ങള്‍ മാറ്റൊലികള്‍ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു ......
ഖത്തര്‍ ഇന്റര്‍നാഷണല്‍എയര്‍പോര്‍ട്ടില്‍ നിന്ന് എമിഗ്രേഷന്‍ കഴിഞ്ഞു ഇറച്ചി പൊരിച്ചതും ,നാരങ്ങ അച്ചാര്‍ ഇട്ടതും ,കറുത്ത അലുവയും ,ചിപ്സും മിച്ചറും ,ഔലോസ് പൊടിയും  അടക്കം ചെയ്ത ചകിരി കയറു കൊണ്ട് കെട്ടിയ ഓയില്‍ ഒലിച്ചിറങ്ങിയ കാര്‍ട്ടൂനും ട്രോളിയില്‍ വെച്ച് പുറത്തേക്കു ഇറങ്ങിയപോള്‍ ഒരു തണുത്ത (ഇപ്പോള്‍ ഇവിടെ തണുപ്പാണ് )കാറ്റ് എന്നെ തഴുകിയുണര്‍ത്തി കടന്നു പോയി ,ലോകത്തുള്ള സര്‍വരാജ്യ തൊഴിലാളി മനുഷ്യരുടെയും വിയര്‍പ്പിന്‍റെ മണമുള്ള ഒരു കാറ്റ്..(ഈ മണത്തിനു റോയല്‍ മിറാജ് സ്പ്രേയേക്കാള്‍ അനുഭൂതിയുണ്ട് )  ഞാന്‍ ഒരിക്കല്‍ കൂടി ശ്വാസം ഉള്ളിലേക്ക് ആഞ്ഞു വലിച്ചു പുറത്തേക്കു വിട്ടു ...  
കൊച്ചി പഴയ കൊച്ചിയല്ല 

...ഹ ..അത്ഭുതം ..മഹാത്ഭുതം ഞാനിതാ വീണ്ടും 'ഗള്‍ഫ്‌'ക്കാരനായി മാറിയിരിക്കുന്നു ..
നാടും നാട്ടാരും മാറിയതറിയാത്ത ഒരു പാവം ഗള്‍ഫ്ക്കാരന്‍... Tuesday, 4 December 2012

'അത്തറിന്‍റെ മണമുള്ള കത്ത് '


ഈ കുന്ത്രാണ്ടം ഇറങ്ങിയതിനു ശേഷം മനുഷ്യന്‍റെ സമാധാനം പോയി ..ഈ കുടുംബം മുടിഞ്ഞു പോകതെയോള്ളൂ ..
കോളിംഗ് ബെല്‍ അടിക്കാന്‍ തുനിഞ്ഞ ഞാന്‍ ഒന്ന് ശങ്കിച്ച് നിന്നു, അകത്തു നിന്ന് ഈ പ്രാകല്‍ കേട്ടപോള്‍ .
ന്നാലും മുറ്റം വരെ വന്നതല്ലേ  കയറാതെ തിരിച്ചു  പോകുന്നതെങ്ങിനെ ?
ഞാന്‍ രണ്ടും കല്‍പിച്ചു  കോളിംഗ് ബെല്‍ അടിച്ചു .
അകത്തു നിന്ന് പ്രാകിയ ശബ്ദത്തിന്‍റെ  ഉടമ തന്നെ വാതില്‍ തുറന്നു .അവര്‍ പ്രാകിയത് ഞാന്‍ കേട്ടിരിക്കുമോ എന്ന ശങ്കയാല്‍ അവരുടെ മുഖത്തു ഒരു വളിച്ച ചിരി വിടര്‍ന്നു വന്നു  .ആ വീട്ടിലെ ഗൃഹനാഥയാണ് .ഇന്ന് ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രം ആകയാല്‍ ഞാന്‍ പേര് പറയുന്നില്ല .ഒന്ന് 'ലൈക്‌ 'അടിച്ചാല്‍ നാട് വിട്ടു പോകേണ്ടി വരുന്ന ഇക്കാലത്ത്, എന്നെ ഇക്കിളി (ഇക്കിളി ആക്കുന്നത് എനിക്ക് തീരെ ഇഷട്ടമില്ല )ആക്കുമെന്ന് പറഞ്ഞാല്‍ പോലും ആ ഗൃഹനാഥയുടെ  പേര് ഞാന്‍ പറയില്ല കട്ടായം .
"ആരയാ ഇങ്ങനെ പ്രാകുന്നത് "
അകത്തേക്ക് കയറുമ്പോള്‍ ഞാന്‍ ഗൃഹനാഥയോട് ചോതിച്ചു .
പ്രാകല്‍ ഞാന്‍ കേട്ടു എന്ന് ഉറപ്പായപോള്‍, വാതില്‍ തുറന്നപോള്‍ അവരുടെ മുഖത്തു ഉണ്ടായ വളിച്ച ചിരി താനേ പോയി. ഇനി ആ ചിരികൊണ്ട് വലിയ പ്രയോജനം ഇല്ലെന്നു മനസിലാക്കിയ അവര്‍ അല്‍പ്പം ഗൌരവത്തോടെ  ശബ്ദം താഴ്ത്തി തുടര്‍ന്നു .
"ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞു വാതില്‍ കുറ്റിയിട്ടു കയറി കിടന്നതാ ആ 'പഹച്ചി ' നേരം ഇത്രേം വെളുത്തിട്ടു എണീറ്റിട്ടുണ്ടോന്നു നോക്ക്യേ "
"ആര് "ഞാന്‍ ചോതിച്ചു
"ആ .............ന്‍റെ ഭാര്യ "
(ഇതിലെ ഞാനടക്കമുള്ള കഥാപാത്രങ്ങള്‍ ജീവിചിരിക്കുന്നതാകയാല്‍ ഞാനടക്കമുള്ള ഒരു കാഥാപാത്രതിന്‍റെയും  പേര്  പറയില്ല എന്ന് അറിയിക്കുന്നു .അതുകൊണ്ട് അതിങ്ങനെ കൂടെ കൂടെ ചോതിച്ചു ഇടങ്ങേര്‍ ആക്കരുത് )
"ഒന്ന് വാതിലില്‍ മുട്ടി നോക്കര്‍ന്നില്ലേ ചിലപ്പോ ..."
ഞാന്‍ സംശയത്തോടെ നിര്‍ത്തിയത് മനസിലായിട്ടെന്നവണ്ണം അവര്‍ തുടര്‍ന്നു
"ഇതിവിടെ അവന്‍ തിരിച്ചു പോയ അന്ന് മുതല്‍ തുടങ്ങിയതാ "
ഞാന്‍ ചോദ്യഭാവത്തില്‍ അവരെ നോക്കി
അവര്‍ തുടര്‍ന്നു ..
"നിനക്കറിയോ മോനെ ഇവിടെത്തെ കാര്‍ന്നോര് (ജീവിച്ചിരിപ്പുണ്ട് ) പത്തു പതിനഞ്ചു കൊല്ലം ഗള്‍ഫില്‍ നിന്നതാ ,ആഴച്ചയിലാഴ്ചയില്‍ കത്ത് വരും അഞ്ചു ഷീറ്റ് അപ്പുറവും ഇപ്പുറവും ഉണ്ടാകും .അത്തറിന്‍റെ മണമുണ്ടാകും അതിനു .രണ്ടു കൊല്ലംകൂടി  മൂപ്പര് വരുന്നതുവരെ ഈ കത്ത് മാത്രം മതിയായിരുന്നു ഞങ്ങക്ക് "
"അതിനിപ്പോ എന്താ ഉണ്ടായേ ഇവിടെ " ഞാന്‍ ചോദ്യം തുടര്‍ന്നു
ഈ വിവരം കെട്ട പഹനോട് ഇനി എങ്ങിനെ തെളിച്ചു പറയും എന്ന അരിശത്തില്‍ പല്ലുരുമി അവര്‍ അകത്തേക്ക് പോയി അതെ വേഗത്തില്‍ തിരിച്ചു വന്നു .ഒപ്പം അന്നും അതിനു തലേന്നും ഇറങ്ങിയ രണ്ടു പത്രങ്ങളും .അതന്‍റെ മടിയിലേക്ക്‌ ഇട്ടിട്ടു പറഞ്ഞു
"വായിക്കട വായിക്കു "
ഞാന്‍ വായന ആരംഭിച്ചു
1,മൊബൈല്‍ പ്രണയം :രണ്ടു കുട്ടികളുടെ മാതാവ് കാമുകനൊപ്പം ഒളിച്ചോടി
2,നവ വധു ഒളിച്ചോടി :വില്ലനായത് മൊബൈല്‍
3,കാമുകനയച്ച SMS കിട്ടിയത് ഭര്‍ത്താവിനു :യുവതിക്ക് മര്‍ദനം
4,ഭര്‍ത്താവമൊത്തുള്ള മൊബൈല്‍ കിന്നാരം യു ടുബില്‍ :സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി
5,മൊബൈല്‍ പ്രണയം :കാമുകനെ കണ്ടു ബിരുദധാരിണി തലകറങ്ങി വീണു
6,.......
7,....
ഇതാന്ത പത്രം മൊബൈല്‍ സ്പെഷ്യലോ ..
"ഇപ്പം മനസിലായോ ഞാന്‍ പ്രാകിയത് ..നേരം പുലരുവോളം പിറു പിറു പിറു പിറു എന്ന് ഈ കുന്ത്രാണ്ടത്തില്‍ ചിലചോണ്ടിരിക്കും ,എന്നിട്ട് നേരം വെളുത്താല്‍ എണിക്കോ ,ഇല്ല .ഇനി എണീറ്റാലോ ഉറക്കം തൂങ്ങികൊണ്ടേ  എല്ലാ പണിയും ചെയ്യാ ,നമ്മളൊന്ന് മുഖം കറുപിച്ചാല്‍ അപ്പൊ മിസ്‌കോള്‍ അടിച്ചു വിളിപിക്കും ,പിന്നെ അവന്‍റെ വായില്‍ ഇരിക്കുന്നത് മുഴുവന്‍ ഞാന്‍ കേള്‍ക്കണം ,നീ പറ ഇങ്ങനെ പോയാല്‍ ഈ കുടുംബം മുടിഞ്ഞു പോകില്ലേ "?
അവര്‍ അവസാനം പറഞ്ഞു നിര്‍ത്തിയപോള്‍ തൊണ്ടയിടറിയോ എന്നെനിക്കു തോന്നി ..അല്ല അവരുടെ തൊണ്ടയിടറി തന്നെയാണ് പറഞ്ഞു നിര്‍ത്തിയത്.
അകത്തെ മുറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപോള്‍ ഞങ്ങള്‍ രണ്ടു പേരും സംസാരം നിര്‍ത്തി ചെവി വട്ടം പിടിച്ചു .
"ആ ......നോ എപ്പോ വന്നു "?
ഞാന്‍ തിരിഞ്ഞു നോക്കി ഹെന്‍റെമ്മോ ...ഉള്ളൊന്നു കാളി
വസ്ത്രാക്ഷേപം ചൈയ്യപെട്ട പാഞ്ചലിയെ പോലെ ഒരു രൂപം നില്‍ക്കുന്നു .ഞാന്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ..പഴയ നോക്കിയോ 310 പോലെ അവളുടെ മുഖം കോടിയിരിക്കുന്നു.ചാര്‍ജു തീര്‍ന്ന LG പോലെ ഒരു തെളിച്ചമില്ലായ്മ .വില കൂടിയ ആപ്പിള്‍ ഐ ഫോണിന്‍റെ ഒരു ലക്ഷണവും അവിളില്‍ കണ്ടില്ല .
"അല്‍പ്പസമയമായി "
ഇതുകേട്ടതും വാട്ടീസ് അടിച്ച അയ്യപ്പ ബൈജുവിനെ പോലെ (അല്ലാതെ അരയന്നം പോലെ എന്ന് പറയാന്‍ പറ്റ്വോ )ആടി ആടി അവള്‍ അകത്തേക്ക് പോയി .
"നീ പറ ഞാന്‍ പറഞ്ഞത് ശേരിയല്ലേ ഈ കുടുംബം മുടിഞ്ഞു പോവില്ലേ "?
(ഈ വേവലാതിയുടെ ഇടയില്‍ ഒരു തുള്ളി വെള്ളം പോലും എനിക്ക് കിട്ടിയില്ല  എന്ന് വ്യസനസമേതം നിങ്ങളെ അറിയിക്കട്ടെ )
"ഞാന്‍ പോട്ടെ ........യി അടുത്ത ആഴ്ച ഞാന്‍ തിരിച്ചു പോകും യാത്ര ചോതി ക്കാന ഞാന്‍ വന്നത് "ഞാന്‍ ആഗമനഉദ്യേശ്യം പറഞ്ഞു .
"ഞാന്‍ പോവ്വാട്ടോ .........യെ "അകത്തേക്ക് നോക്കി ഞാന്‍ വിളിച്ചുപറഞ്ഞു
യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ .....യും ഒപ്പം അനുഗമിച്ചു .പടികള്‍ ഇറങ്ങി രണ്ടടി നടന്നു ഞാന്‍ .........യോട് പറഞ്ഞു
അവിടെയെത്തിയിട്ടു ഞാന്‍ ...വിളി .....ഞാന്‍ 'കത്തയക്കാം '
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ ഭാര്യയോടു ചോതിച്ചു
"നീ അത്തറിന്‍റെ മണമുള്ള കത്ത് വായിച്ചിട്ടുണ്ടോ "?
"ഇല്ല "
അവളുടെ മൊബൈല്‍ അവളറിയാതെ സ്വിച്ഓഫ്‌ ചെയ്തു കൊണ്ട്
ഞാന്‍ പറഞ്ഞു


"ഇനി മുതല്‍ അത്തറിന്‍റെ മണമുള്ള കത്ത് മതി നമ്മുക്ക് "