Saturday, 13 July 2013

തൊട്ടാവാടി :അന്നൊരു നോമ്പ് കാലത്ത് ..

അന്നൊരു നോമ്പ് കാലത്ത് ..
_______________________
എഫ് ബി യില്‍ ഇപ്പോള്‍ 'നോമ്പനുഭവങ്ങളുടെ 'പ്രളയമാണ് .
ദിവസത്തില്‍ ഒന്നിലധികം നോമ്പനുഭവങ്ങളുടെ സ്റ്റാറ്റസ് നമ്മുടെയൊക്കെ ഹോം പേജിലൂടെ കടന്നു പോകുന്നു .
പണ്ടൊക്കെ മുസ്ലീകളിലെ കാരണവന്‍മാര്‍ പറഞ്ഞിരുന്ന ഈ നോമ്പ് കഥകള്‍ ഇപ്പോള്‍ നാനാജാതി മതസ്ഥരും പറഞ്ഞു തുടങ്ങിയിരിക്കുന്നു .
നോമ്പിനു ബീവാത്തുമ്മ ഉണ്ടാക്കി തന്ന 'മുട്ടപത്തിരി 'യുടെ കൊതിയൂര്‍ന്ന
കഥ മേരി ചേച്ചി പറയുമ്പോള്‍ ,അടുത്ത വീട്ടിലെ അബ്ബസ്ക്ക നോമ്പിന് ആരും കാണാതെ 'ഐസ്റൂട്ട് 'മിട്ടായി തിന്ന കഥ എഫ് ബി യിലെ പ്രകാശേട്ടനും പങ്ക് വെക്കുന്നു .
അങ്ങിനെ എഫ് ബി മതസൌഹാര്‍ദ്ദത്തിന്റെ പൂന്തോപ്പായി റമദാന്‍ മാസത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുകയാണ് .
എല്ലാവര്ക്കും ചെറുപ്രായത്തിലെ തങ്ങളുടെ നോമ്പനുഭവങ്ങള്‍ പങ്കു വെക്കുന്നതിലാണ് താല്പര്യം .കുസൃതിയും കൌതുകവും നിറഞ്ഞ ബാല്യകാല സ്മരണകള്‍ എല്ലാവര്ക്കും പ്രിയപെട്ടതു ആയതുകൊണ്ടാകാം അങ്ങിനെ .

എനിക്കന്നു ഏഴോ എട്ടോ വയസ്സ് കാണും .ഇന്ന് മങ്ങിയ ഓര്‍മകളില്‍ വല്ലാതെ പൊടിയും മാറാലയും പിടിക്കാതെ തെളിഞ്ഞു കിടക്കുന്നത് ബാല്യത്തിലെ ഈ നോമ്പനുഭവം തന്നെ .
ഒരു മാസം മുന്‍പേ തുടങ്ങിയിട്ടുണ്ട് വീട്ടില്‍ നോമ്പിനുള്ള ഒരുക്കങ്ങള്‍ .വീട് മൊത്തം, കുളത്തില്‍ നിന്ന് വെള്ളം മങ്കുടത്തില്‍ കോരി കൊണ്ട് വന്നു കഴുകി വൃത്തിയാക്കും .(റൂമുകളില്‍ തളംകെട്ടി കിടക്കുന്ന വെള്ളത്തില്‍ 'സ്വമ്മിംഗ് 'നടത്തലാണ്‌ എന്റെ പണി )
മാറാല കെട്ടിയ ചുമരുകളും മോന്തായവും ചൂല് ഉപയോഗിച്ച് വൃത്തിയാക്കും .ചുമരുകളില്‍ കുമ്മായം കലക്കി ബ്രഷ് ചെയ്തു മോഡി പിടിപിക്കും .പറമ്പിലെ ചപ്പു ചവറുകള്‍ അടിച്ചു കൂട്ടി വലിയ കുന്നുപോലെയാക്കി തീയിടും .ആകാശംമുട്ടെ ഉയരുന്ന ആ തീജ്വാല കണ്ടു ഞാന്‍ ആര്‍പ്പു വിളിക്കും .ആകെപ്പാടെ ഒരു കല്യാണവീടിന്റെ ആഘോഷം .എല്ലാറ്റിനും നേതൃത്വം കൊടുത്ത് കൊണ്ട് ഉമ്മയുണ്ടാകും മുന്‍പില്‍ .
"ഉമ്മാ ഞാനും എടുക്കട്ടെ നോമ്പ് "?
ഉമ്മയുടെ കോന്തലയില്‍ ഞാന്നു പിടിച്ചു കൊണ്ട് ഞാന്‍ ചോതിച്ചു .
"ഉമ്മാടെ മോന് വെശപ്പ് സഹിക്കോ "?
ഉമ്മയുടെ തിരിച്ചുള്ള ചോദ്യം ന്യായമാണ് അന്നും -ഇന്നും -എനിക്ക് വിശപ്പ്‌ സഹിക്കാന്‍ പാടാണ് .ഞാന്‍ വളര്‍ന്നു മീശയും താടിയും വെച്ചെങ്കിലും എപ്പോ എന്നെ നേരില്‍ കണ്ടാലും ഉമ്മ ചോതിക്കും
"ഉമ്മാടെ മോന്‍ എന്തെങ്കിലും കഴിച്ചോ " എന്ന് .ഏതൊരു മാതാവും മക്കളോട് ചോതിക്കുന്ന സ്വാഭാവിക ചോദ്യം .

"ഞാന്‍ വലുതായില്ലേ ഉമ്മ ഞാന്‍ നോമ്പ് നോറ്റൊളാം "
ഉമ്മ ചുണ്ടില്‍ ചിരിയൊതുക്കി സമ്മതം തന്നു .പാതിരാത്രിയില്‍ ജോലി കഴിഞ്ഞെത്തിയ ഉപ്പയോട്‌ ഞാന്‍ 'വലുതായ 'കഥ ഉമ്മ പറഞ്ഞു കാണണം .ഉപ്പയുടെ അരികില്‍ പറ്റി ചേര്‍ന്ന് കിടക്കുമ്പോള്‍ ഉപ്പ എന്നെ വല്ലാതെ ചേര്‍ത്തു പിടിച്ചുതു അതുകൊണ്ടാരിക്കണം .

നോമ്പ് വന്നു .നോമ്പ് നോല്‍ക്കും എന്ന എന്റെ അടി പതറാത്ത തീരുമാനത്തില്‍ അല്‍പ്പം പോലും ഇളവു കാണിക്കാന്‍ എനിക്ക് ആവുമായിരുന്നില്ല "ഇവന്‍ ഉമ്മിണി നോല്‍ക്കും "എന്ന് കളിപറഞ്ഞ സഹോദരിമാരുടെ മുന്‍പില്‍ തോറ്റൂ കൊടുത്തിട്ട് പിന്നെ ആ വീട്ടില്‍ എനിക്ക് മനസമാധാനതോടെ ജീവിക്കാന്‍ പറ്റുമോ ? ഉപ്പ രാത്രിയില്‍ പണികഴിഞ്ഞു വരുമ്പോള്‍ കൊണ്ട് വരുന്ന ചൂഡാമണി (വറുത്ത കപ്പലണ്ടി കുരു ) ചട്ടമ്പിയെ പോലെ പെങ്ങന്മാരില്‍ നിന്ന് അടിച്ചെടുക്കുന്ന എനിക്ക് പിന്നെ നേരെ ചൊവ്വേ അവരുടെ അടുത്തു അടവ് പയറ്റി നില്‍ക്കാന്‍ കഴിയുമോ ?

ആദ്യ നോമ്പിന്റെ അത്താഴത്തിനു എന്തൊക്കെ വിഭവങ്ങള്‍ ആയിരുന്നു എന്നെനിക്കു ഇപ്പോള്‍ ഒരമയില്ല ,പക്ഷെ പഴവും തേങ്ങാപാലും വറുത്ത കപ്പലണ്ടികുരുവും ,പഞ്ചസാരയും ചേര്‍ത്തുണ്ടാക്കിയ പഴപായസത്തിന്റെ രുചി എന്നിക്കിപോഴും മറക്കാനും കഴിയുന്നില്ല .
'സുബഹി '(പ്രഭാത )ബാങ്ക് കൊടുത്താല്‍ നോമ്പ് തുടങ്ങും 'മഗ്രിബ് '(സന്ധ്യ )ബാങ്ക് കൊടുത്താല്‍ നോമ്പ് മുറിക്കാം എന്നൊരു ധാരണക്കപ്പുറം ഈ 'ബാങ്കുകള്‍ 'തമ്മിലുള്ള സമയ ദൈര്‍ഘ്യത്തെ കുറിച്ച് ഞാനൊട്ടും ബോധാവാനായിരുന്നില്ല .

പൊതുവേ രാവിലെ എണീറ്റ്‌ കഴിഞ്ഞാല്‍ എനിക്കൊരു വിറയലും പനിയും ഞെരക്കവും വരും .പുതപ്പിനുള്ളില്‍ കിടന്നു ഞെരങ്ങുന്ന എന്റെ നെറ്റിയില്‍ കൈ വെച്ച് കൊണ്ട് ഉമ്മ പറയും
"അള്ളാ ..എന്റെമോനൊരു 'മേക്കാച്ചില് '(ശരീരത്തിന് ചെറു ചൂടിന്റെ അവസ്ഥ )ഉണ്ടല്ലോ ..ട്യേ സുബൈദ ,റുക്കിയ നവാസിനെ ഇന്ന് സ്കൂളില്‍ കൊണ്ടോണ്ടട്ട "
ഉമ്മ ഇത് പറയുമ്പോള്‍ എന്റെ ഞെരക്കത്തിനു ഇത്തിരി തീവ്രത കൂടും .സ്കൂള്‍ സമയം കഴിഞ്ഞെന്നു ഉറപ്പു വരുത്തിയിട്ടേ പിന്നെ ഞാന്‍ ആ ഞെരക്കം അവസാനിപിക്കൂ .
എന്നാല്‍ ആദ്യനോമ്പിന്റെ പ്രഭാതം മറന്നു എന്റെ സ്ഥിരം ഏര്‍പ്പാടായ വിറയലും പനിയും ഞെരക്കവും പുറത്തെടുക്കുന്നതിനു മുന്പ് തന്നെ ഉമ്മ പറഞ്ഞു
"ട്യേ സുബൈദ ,റുക്കിയ നവാസിനെ ഇന്ന് സ്കൂളില്‍ കൊണ്ടോണ്ടട്ട ..എന്റെ മോന്‍ നോമ്പ് എടുത്തിട്ടുള്ളതല്ലേ അവനു വെശപ്പു സഹിക്കാന്‍ പറ്റാണ്ട് വല്ലതും ആയാലോ "
"ആ ..നിങ്ങ ഓരോന്ന് പറഞ്ഞു അവന്റെ സ്കൂളില്‍ പോക്ക് കളഞ്ഞോ ഈയിടെയായി അവനിപ്പോ കുറെയായി മുടങ്ങുന്നു "
എന്റെ പഠിപ്പ് മുടങ്ങുന്ന വ്യസനത്താലോ,അതല്ല അവര്‍ക്ക് ഇതുപോലെ കിടന്നുറാന്‍ കഴിയാത്തതിലുള്ള അരിശത്താലോ എന്നറിയില്ല അന്ന് എന്നോടൊപ്പം സ്കൂളില്‍ പഠിക്കുന്ന സുബൈതയോ റുക്കിയയോ (ഇരുവരും എനിക്ക് മൂത്തതാണ് ) പല്ലുരുമ്മി പിറുപിറുത്തു .
"കുശുമ്പത്തികള് എന്റെ സ്കൂള്‍ മുടങ്ങിയാല്‍ ഇവര്‍കെന്താ "
പുതപ്പു തലവഴി മൂടി ഞാന്‍ ആത്മഗതം നടത്തി .

നേരം ഉച്ചക്ക് പന്ത്രണ്ടു മണി ,ഒരു മണി ,രണ്ടു മണി ,മൂന്നു മണി സ്കൂളില്‍ പോയ പെങ്ങന്മാര്‍ മടങ്ങി വന്നു .എനിക്ക് ശരീരത്തിന്റെ നിയത്രണം നഷ്ട്ടപെട്ട് തുടങ്ങി ,വയറിനുള്ളിലെ കുടല്‍മാലകള്‍ ചിന്നം വിളിക്കുന്നു. ഏറു കിട്ടിയ പൂച്ച നടക്കുന്നത് പോലെ ഞാന്‍ വീടിനു ചുറ്റും വേച്ചു വേച്ചു നടന്നു .
"പടച്ചോനെ ഇതെന്തൊരു നോമ്പ് "എന്ന് ഞാന്‍ ഇടയ്ക്കിടെ ചിന്തിച്ചു .വീടിന്റെ വടക്കേ അതിരില്‍ ഇടയ്ക്കിടെ ചെന്ന് കൊണ്ട് ഞാന്‍ ചെവിവട്ടം പിടിച്ചു നിന്നു,
വടക്കേ ജുമാഅത്ത് പള്ളിയിലെ മുക്രി ഗഫൂര്‍ക്ക ഇനിയെങ്ങാനും പതുക്കെ ബാങ്ക് കൊടുക്കുന്നുണ്ടാകുമോ ..ഹേയ് ഇല്ല ബാങ്കിന്റെ നേരിയ ശബ്ദം പോലും അവിടെയൊന്നും കേള്‍ക്കാനില്ല .വീട്ടിലെ അടുക്കളയില്‍ ആദ്യ നോമ്പ്തുറ ഗംഭീരമാക്കാനുള്ള വിഭവങ്ങള്‍ ഒരുക്കുകയാണ് ഉമ്മയും സഹോദരി മാരും .നല്ല പോത്തറച്ചി വേവുന്ന മണം ,പക്ക്വടയും ,തരികഞ്ഞിയും ,നൈസ് പത്തിരിയും അങ്ങിനെ വിഭവങ്ങളുടെ മണം എന്റെ മൂക്കിലൂടെ കേറി വയറ്റിലെത്തി, അതോടെ വയറിനുള്ളിലെ കുടല്‍മാലകള്‍ പൂര്‍വാധികം ശക്തിയോടെ ചിന്നം വിളി തുടങ്ങി .
"ഉമ്മാആ ...നോമ്പ് മുറിക്കാനായോ "?
ക്ഷമ നശിച്ച ഞാന്‍ അടുക്കള വാതിലില്‍ എത്തി ഓട്ട വീണ ബലൂണിലെ ശബ്ദം പോകുന്ന പോലെ ചോതിച്ചു .
"നിക്ക് മോനെ ഇപ്പം ബാങ്ക് വിളിക്കും "
എന്റെ മുഖമൊന്നു വാടിയാല്‍ തളര്‍ന്നു പോകുന്ന ഉമ്മാക്ക് എന്റെ ഈ 'നില 'കണ്ടിട്ടും ഒരു ഭാവമാറ്റവും ഇല്ലല്ലോ പടച്ചോനെ എന്ന് ഞാന്‍ ചിന്തിച്ചു .ഈ മുക്രി ഗഫൂര്‍ക്ക എവിടെപോയി കിടക്കുന്നു ബാങ്ക് കൊടുക്കാതെ എന്നായി പിന്നെ എന്റെ ചിന്ത .ഇനി അദേഹം ബാങ്ക് വിളിക്കാന്‍ മറന്നു കാണുമോ ?ഞാന്‍ വീണ്ടും വടക്കേ അതിരില്‍ ചെന്ന് ചെവിവട്ടം പിടിച്ചു നിന്നു .ഇല്ല ..ബാങ്ക് കേള്‍ക്കുന്നില്ല ,ബാങ്ക് കൊടുക്കാന്‍ അദേഹം മറന്നു പോയിരിക്കുന്നു ,ഇനിയും കാത്തു നിന്നാല്‍ ഞാന്‍ 'മയ്യത്താകും '.എനിക്ക് കൊണ്ട് വരുന്ന ചൂഡാമണി അവര് തിന്നു തീര്‍ക്കും എന്നല്ലാതെ ഞാന്‍ മയ്യത്തായാല്‍ ആര്‍ക്കും ഒരു നഷ്ട്ടവുമില്ല .ആദ്യനോമ്പില്‍ തന്നെ 'വടി 'യായി പോയി എന്ന അപഖ്യാതി എങ്ങിനെ സഹിക്കും ഞാന്‍ !!
ഇല്ല ആലോചിച്ചു നില്‍ക്കാന്‍ നേരമില്ല ..പലപ്പോഴും ഉപ്പയുടെ കൂടെ പള്ളിയില്‍ പോയി ബാങ്ക് വിളിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട് ..ഞാന്‍ ചൂണ്ടുവിരലുകള്‍ ചെവിക്കുള്ളില്‍ തിരുകി റെഡിയായി നിന്നു ,കണ്ണുകള്‍ അടച്ചുപൂട്ടി അഷ്ടദിക്കും പൊട്ടുമാറുച്ചത്തില്‍ ഞാന്‍ വിളിച്ചു
"അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ "
അശ്ഹദ് അല്ലാഇലാഹ ഇല്ലാഹ്
അശ്ഹദ് അന്നമുഹമ്മദറസൂലുല്ലഹ് "
.................
................. "

ഞാന്‍ ശേരിക്കാണോ ബാങ്ക് കൊടുത്തത് എന്നെനിക്കറിയില്ല പക്ഷെ ബാങ്ക് കൊടുത്തിരിക്കുന്നു ,വാണം വിട്ടപോലെ ഞാന്‍ അടുക്കളയിലേക്കോടി
"ഉമ്മാ ..ബാങ്ക് വിളിച്ചു ..ബാങ്ക് വിളിച്ചു "
ഉമ്മായും സഹോദരിമാരും എന്തെങ്കിലും പറയുന്നതിന് മുന്പ് ഉണ്ടാക്കിയ വെച്ച പലഹാരങ്ങളില്‍ പലതും ഞാന്‍ വായിലാക്കി ,ചങ്കില്‍ തടഞ്ഞപ്പോള്‍ വെള്ളം കുടിച്ചു ,പലഹാരങ്ങളില്‍ അല്ലാതെ മറ്റൊന്നിലും എന്റെ കണ്ണുകള്‍ ഉടക്കിയില്ല ..അല്‍പ്പമൊന്നു ആശ്വാസം തോന്നിയപ്പോഴാണ് ഞാന്‍ ചുറ്റും നോക്കുന്നത് .ഉമ്മയും സഹോദരിമാരും സ്തംഭിച്ചുനില്‍ക്കുകയാണ് .
"ഉമ്മ പറഞ്ഞില്ലേ മോനോട് നോമ്പ് നോക്കണ്ടാന്നു
ഇപ്പൊ എന്തായി ഇതുവരെ നിന്നിട്ട് ബാങ്ക് വിളിക്കാതെ മോന്‍ നോമ്പ് മുറിച്ചില്ലേ "? ഉമ്മ വാത്സല്ല്യതോടെയും സ്നേഹത്തോടെയും പറഞ്ഞു
"ഐയിനു ആര് പറഞ്ഞു ബാങ്ക് കൊടുത്തില്ലാന്നു ,ബാങ്ക് കൊടുത്താല്ലോ "
ഞാന്‍ ന്യായം പറഞ്ഞു
"ആര് ബാങ്ക് കൊടുത്തു ,എപ്പേ കൊടുത്തൂ "?
"ഞാന്‍ ബാങ്ക് കൊടുത്തൂ ..ഇപ്പേ തന്നെ കൊടുത്തൂ "
________________________________________
(ഉമ്മ എന്നെ ചേര്‍ത്തു പിടിച്ചിട്ടുണ്ടാകണം, സ്നേഹംനിറഞ്ഞ് ആ കണ്ണുകള്‍ തിരമാലകള്‍ തീര്‍ത്തിട്ടുണ്ടാകണം ,എന്റെ ഇളം കവിളുകളില്‍ തുരുതുരെ ഉമ്മകള്‍ വെച്ചിട്ടുണ്ടാകണം ,രാത്രിയില്‍ ഞാന്‍ 'വലുതായിട്ടില്ലെന്നു ഉപ്പയോട്‌ അടക്കം പറഞ്ഞു ചിരിച്ചിട്ടുണ്ടാകണം ....
പക്ഷെ ഇന്ന് എന്റെ വിശപ്പറിയാന്‍ ,എന്റെ മുഖം വാടിയതു കാണാന്‍ ,എന്റെ മുടിയിഴകളില്‍ തലോടി 'ഉമ്മാടെ മോന്‍ എന്തെങ്കിലും കഴിച്ചോ'എന്ന് ചോതിക്കാന്‍, രാത്രിയില്‍ ചൂഡാമണിയുമായി വരാന്‍ ,വിശ്വത്തിന്റെ മുഴുവന്‍ അര്‍ത്ഥതലങ്ങളും സമ്മേളിച്ച ആ മൂന്നരക്ഷരങ്ങള്‍ ഇന്ന് എന്നോടൊപ്പം ജീവിച്ചിരിപ്പില്ല 'മാതാവ് പിതാവ് 'എന്ന ആ മൂന്നക്ഷരം ....)
പ്രിയ പിതാവും മാതാവും